Messages
ഇരിങ്ങാലക്കുടയുടെ പ്രസിദ്ധമായ പിണ്ടിപെരുനാളിന്റെ ആഹ്ലാദത്തില്‍ ആയിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ആദ്യമേതന്നെ അനുഗ്രഹദായകമായ തിരുനാള്‍ മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ലോകത്തിന്റെ പ്രകാശമായി ഭൂമിയില്‍ അവതരിച്ച യേശുക്രിസ്‌തു നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഈ നാടിനെയും നിത്യമായ പ്രകാശചൈതന്യംകൊണ്ട് നിറയ്‌ക്കട്ടെ.
`ദനഹാ തിരുനാള്‍' അഥവാ `പ്രത്യക്ഷീകരണ തിരുനാള്‍' നമുക്ക് `പിണ്ടിപെരുനാളും' കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ `രാക്കുളിപെരുനാളും' ആണ്. സീറോ മലബാര്‍ സഭയില്‍ വളരെ പഴക്കമുള്ള ഒരു തിരുനാളാണിത്. വാഴപിണ്ടിയില്‍ പന്തംകൊളുത്തി അതിനുചുറ്റും പ്രദക്ഷിണംവച്ച് ``ദൈവം പ്രകാശമാകുന്നു'' (ഏല്‍ പയ്യ) എന്ന് ഉറക്കെ വിളിച്ചിരുന്ന പൂര്‍വ്വികരുടെ ആചാരം അതേ തീക്ഷ്‌ണതയോടെ കാലഘട്ടത്തിന്റേതായ മാറ്റങ്ങള്‍ വരുത്തി ഇന്നും ആചരിക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
ജോര്‍ദ്ദാന്‍ നദിയില്‍ സര്‍വനീതിയും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുന്ന ക്രിസ്‌തു ലോകത്തിന്റെമുമ്പില്‍ തന്നെതന്നെ വെളിപ്പെടുത്തുകയാണ്. സ്വര്‍ഗ്ഗം തുറന്ന് പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും പുത്രനായ ദൈവത്തിന്റെ പരസ്യജീവിതത്തെ ആശീര്‍വ്വദിക്കുകയും അനുഗ്രഹിക്കുയും ചെയ്യുന്നു. ``ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.''
നൂറ്റാണ്ടുകളായി ജനം കാത്തിരുന്ന രക്ഷകനാണ് യേശുക്രിസ്‌തു. യേശു ലോകത്തിലേക്ക് വന്നത് ലോകത്തിന്റെയും മനുഷ്യരുടെയും സമഗ്രവിമോചനത്തിനാണ്. നസറത്തിലെ സിനഗോഗില്‍ ക്രിസ്‌തു പ്രഖ്യാപിക്കുന്നതും വിമോചനത്തിന്റെ സദ്‌വാര്‍ത്തയാണ്. ``കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.'' (ലൂക്ക 4, 18-19)
``അന്ധകാരത്തില്‍ സ്ഥിതി ചെയ്‌തിരുന്ന ജനങ്ങള്‍ വലിയ ഒരു പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു'' (മത്താ 4,16). ലോകത്തെ മുഴുവന്‍ പ്രകാശംകൊണ്ട് നിറയ്‌ക്കാനായി വന്ന ക്രിസ്‌തുവിനെ അനുസ്‌മരിക്കുന്ന ഈ തിരുനാള്‍ വേളയില്‍, അന്ധകാരത്തിന്റെ വഴികളെ ഉപേക്ഷിച്ച് പ്രകാശത്തിന്റെ പാതകളെ പുല്‌കാന്‍ നമുക്ക് ശ്രമിക്കാം. അന്ധകാരത്തിന്റെ ആധിപത്യം ഏറിവരുന്ന ഒരു ചുറ്റുപാടിലാണ് നാം വസിക്കുന്നത്. ഇവിടെ പൗലോസ് ശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നതുപോലെ പകലിനു യോജിച്ച വിധത്തില്‍ വ്യാപരിക്കാനുള്ള കൃപയ്‌ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.
കൃപയുടെയും സന്തോഷത്തിന്റെയും കൂട്ടായ്‌മയുടെയും പങ്കുവെയ്‌ക്കലിന്റെയും വേദിയായി ഓരോ തിരുനാള്‍ ആഘോഷങ്ങളും മാറണം. വേദനയനുഭവിക്കുന്ന സഹോദരങ്ങളിലേക്ക് മിഴികള്‍ തുറക്കാനുള്ള വലിയ അവസരമാകട്ടെ ഈ തിരുനാള്‍. കഷ്‌ടത അനുഭവിക്കുന്ന ആരും തന്നെ നമ്മുടെ ഇടയില്‍ ഉണ്ടാകരുത്. തിരുനാളിന് വേണ്ടി ചെലവാക്കുന്ന തുകയുടെ ദശാംശമെങ്കിലും പാവപ്പെട്ട മനുഷ്യര്‍ക്ക് പങ്കുവെയ്‌ക്കുവാന്‍ മനസുണ്ടാകണം. വിശ്വാസത്തിന്റെ പ്രഘോഷണവും ആഘോഷവും ആയി എല്ലാ തിരുക്കര്‍മ്മങ്ങളും ആഘോഷപരിപാടികളും മാറണം.
ദനഹാതിരുനാള്‍ ഏറ്റവും മനോഹരമാക്കുവാന്‍ പരിശ്രമിക്കുന്ന വികാരിയച്ചനും കൊച്ചച്ചന്മാര്‍ക്കും കണ്‍വീനര്‍ക്കും കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും ധാരാളം ദൈവാനുഗ്രഹം നേരുന്നു. നാനാജാതി മതസ്‌തര്‍ക്ക് ക്രിസ്‌തുവിന്റെ പ്രകാശം പകര്‍ന്നു നല്‌കാന്‍ ഈ തിരുനാള്‍ ഇടയാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
തിരുനാള്‍ ആശംസകളോടെ, പ്രാര്‍ത്ഥനയോടെ,
മാര്‍ പോളി കണ്ണൂക്കാടന്‍, ഇരിങ്ങാലക്കുട രൂപതമെത്രാന്‍